Saturday, June 20, 2015

യോഗ ദിനം ; തിരിച്ചറിയപ്പെടാതെപോകുന്ന ഫാസിസ്റ്റ് അജണ്ട

കൂപ്പർ

ശാസ്ത്രമുന്നേറ്റങ്ങളുടെയും മറ്റും ഫലമായി ഒരു വശത്ത് നിരവധി രോഗങ്ങൾ നിർമാർജനം ചെയ്യപ്പെടുകയും ആയുർദൈർഘ്യം വർദ്ധിക്കുകയും ചെയ്തിട്ടുണ്ടെങ്കിലും ജീവിതശൈലീ രോഗങ്ങൾ ഉൾപ്പടെയുള്ള രോഗങ്ങൾ പൊതുവെ പെരുകിവരികയാണ് എന്നത് ഒരു വസ്തുതയാണ്. മുൻകാലങ്ങളിൽ വസൂരിയും മറ്റും പടർന്നുപിടിക്കുന്നതിനുസമാനമെന്നു തന്നെ പറയാം ഇന്ന് ക്യാൻസറിന്റെയും മറ്റും വ്യാപനം. ഈ സാഹചര്യത്തിൽക്കൂടിയാണ് ഇന്ത്യയിലും പുറത്തും യോഗാഭ്യാസ മുറകൾ വൻതോതിൽ സ്വീകാര്യത നേടിക്കൊണ്ടിരിക്കുന്നത്. യോഗയുടെ ഈ  വർദ്ധിച്ച സ്വീകാര്യതയുടെ ചുവടുപിടിച്ചാണ് ജൂണ്‍ 21 അന്തർദേശീയ യോഗ ദിനമായി ആചരിക്കാൻ ഇന്ത്യ പ്രേരണ ചെലുത്തുന്നതും അത് അംഗീകരിക്കപ്പെടുന്നതും. എല്ലാ ദിനവും എതെങ്കിലുമൊക്കെ പ്രത്യേക ദിനമായി മാറിയിരിക്കുന്ന ഇക്കാലത്ത്  ഇന്ത്യൻ എംബസികളിൽ നടക്കുന്ന ചടങ്ങുകൾ ഒഴിച്ചുനിർത്തിയാൽ വിദേശങ്ങളിൽ പറയത്തക്ക ചലനമൊന്നും യോഗദിനം ഉളവാക്കാനിടയില്ല. ഏറിവന്നാൽ യോഗ പഠിപ്പിക്കുന്ന സെന്ററുകളിലും എന്തെങ്കിലുമൊക്കെ പരിപാടികൾ നടന്നേക്കും. അതെന്തായാലും ഒന്നും അത്രമേൽ നിഷ്കളങ്കമല്ലാത്ത ഇന്ത്യയിൽ സ്ഥിതി അതല്ല. ഇന്ത്യൻ ഭരണകൂടം വൻതോതിൽ പണം മുടക്കി പ്രചാരവേലകൾ നടത്തി സംഘടിപ്പിക്കുന്ന യോഗ ദിനാചരണത്തിന് അപായകരമായ മാനങ്ങളാണ് ഉള്ളത്. സ്വന്തം സംസ്കാരമഹിമയിൽ അമിതമായി ഊറ്റം കൊള്ളൽ തീവ്ര വലത് ഫാസിസത്തിന്റെ മുൻ അവതാരങ്ങളുടെ മുഖമുദ്രയായിരുന്നു.  ഇന്ത്യയിൽ ഇന്ന് പിടിമുറുക്കിയിരിക്കുന്ന സവർണ ഹൈന്ദവ ഫാസിസവും അതിൽ നിന്നും വ്യത്യസ്തമല്ല.  കെങ്കേമമായി കൊണ്ടാടുന്ന യോഗ ദിനാചരണത്തിന്റെ അപായകരമായ മാനങ്ങൾ തിരിച്ചറിയാൻപോലും കഴിയുന്നില്ലെന്നതാണ്, പക്ഷെ, ഇന്ത്യയിലെ ഫാസിസ്റ്റ് വിരുദ്ധ ശക്തികൾ എന്നവകാശപ്പെടുന്ന  ഇടതുപക്ഷത്തിന്റെയും ജനാധിപത്യവാദികലുടെയും നില പരിതാപകരമാക്കുന്നത്.



സിന്ധൂ നദീതട സംസ്കാരത്തിൽ നിന്നും വികസിച്ചത് എന്ന് കരുതപ്പെടുന്ന യോഗാഭ്യാസ മുറകൾ തീർച്ചയായും വ്യായാമമുറകൾ എന്ന നിലയിൽ ലോകമെമ്പാടും സ്വീകാര്യത നേടുന്നുണ്ട്. യോഗ ആവിഷ്കരിച്ച ആചാര്യന്മാർ മനുഷ്യശരീരത്തിന്റെ അനാട്ടമിവരെ മനസിലാക്കിയിരുന്നവരാകാം എന്നുംമറ്റും ഇന്ന് കരുതപ്പെടുന്നുമുണ്ട്. ആധുനിക ശാസ്ത്രവും യോഗാഭ്യാസ മുറകൾ ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് ഉത്തമമാണ് എന്ന് അഭിപ്രായപ്പെടുന്നുണ്ട്. ആ നിലയ്ക്ക് യോഗ അഭ്യസിക്കുന്നത് നല്ലത് തന്നെ. ഇന്നത്തെ വിപണിക്കൊത്ത ചരക്കായി രൂപാന്തരം പ്രാപിക്കുന്നതിൽ വിജയിച്ചിട്ടുന്ടെങ്കിലും യോഗ എന്നത് കേവലം വ്യായാമമുറകൾ മാത്രമല്ല എന്നിടത്താണ് പക്ഷെ, യോഗ ദിനാചരണത്തിന്റെ നിഷ്കളങ്കത നഷ്ടപ്പെടുന്നത്. സിന്ധൂ നദീതട സംസ്കാരത്തിൽ വികസിപ്പിക്കപ്പെട്ട യോഗ അടിസ്ഥാനപരമായി ഭാരതീയ തത്വചിന്തകളിൽ പ്രമുഖമായ ആറെണ്ണത്തിൽ ഒന്നാണ്. ഭൗതികവാദാടിത്തറയുള്ള സാംഖ്യയോട് അടുത്തുനിൽക്കുന്നതെങ്കിലും യോഗ അടിസ്ഥാനപരമായി ആശയവാദം തന്നെയാണ്. ജീവാത്മാവിനെ (individual consciousness)  പരമാത്മാവിൽ (universal consciousness)  ലയിപ്പിക്കുക എന്നതാണ് യോഗയുടെ പരമമായ ലക്‌ഷ്യം തന്നെ. ജൈന, ബുദ്ധ മതങ്ങളിലേക്ക് സ്വീകരിക്കപെടുകയും തന്ത്രയായി രൂപാന്തരം പ്രാപിക്കുമ്പോഴുമെല്ലാം യോഗയുടെ ലക്‌ഷ്യം നിർവാണവും മോക്ഷവുമൊക്കെ തന്നെയായി തുടരുന്നു. ഹിന്ദു ദൈവമായ ശിവനാണ് ആദ്യത്തെ യോഗ ഗുരു എന്ന് പറയുന്നുവെങ്കിലും യോഗയ്ക്ക് സെക്കുലർ പരിവേഷം നേടാനാകുന്നത് അത് പരമാത്മാവിലേക്ക് അതല്ലെങ്കിൽ ദൈവത്തിലേക്കുള്ള ഒരു പാതയാണ് എന്നതുകൊണ്ടുകൂടിയാണ്. സൂര്യനമസ്കാരത്തെ ഈശോനമസ്ക്കാരമായും ഓംകാര മന്ത്രത്തെ തങ്ങളുടെ മതത്തിലെ പ്രാർഥനകൾ കൊണ്ട് പകരംവെച്ചും ക്രിസ്ത്യൻ, മുസ്ലീം സമുദായങ്ങളും ഇന്ന് യോഗ പരിശീലനം നടത്തുന്നുണ്ട്.  യോഗ ദിനത്തോട് അപൂർവ്വം ചില ന്യൂനപക്ഷ സംഘടനകളുടേത്   ഒഴിച്ചാൽ കാര്യമായ എതിർപ്പില്ലെന്ന് മാത്രമല്ല കൂടുതൽ ന്യൂനപക്ഷ സംഘടനകളും അനുകൂലിച്ച് രംഗത്ത് വരികയാണ് ചെയ്തിരിക്കുന്നത്. വെല്ലുവിളിയായി വരുന്ന ഏതിനെയും സ്വാംശീകരിച്ച് ഇല്ലാതാക്കുന്ന ഹിന്ദുമതത്തിന്റെ സാമർത്ഥ്യമാണ് അപ്പോൾ നമ്മൾ കാണുന്നത്. ക്രിസ്ത്യാനിയായാലും മുസ്ലീമായാലും ഭാരതീയരെല്ലാം ഹിന്ദുക്കളാണെന്ന സംഘപരിവാറിന്റെ യുക്തി ഇവിടെ പ്രവർത്തന ക്ഷമമാകുന്നു.

യോഗ വ്യായാമമുറകൾ എന്ന നിലയിലോ ആത്മീയ പ്രയോഗമെന്ന നിലയിലോ സ്വീകരിക്കാൻ വ്യക്തികൾക്ക് സ്വാതന്ത്ര്യമുണ്ട്. യോഗയുടെ തത്വചിന്തയെ പിൻപറ്റാൻ തൽപരരായവർക്ക് അതുമാവാം. പക്ഷെ, പ്രശ്നമിതാണ്; യോഗ പ്രചരിപ്പിക്കേണ്ടത് ഭരണകൂടമാണോ? വ്യത്യസ്ത ജനവിഭാഗങ്ങളും ചിന്താധാരകളും നിലവിലുള്ള ഒരു രാജ്യത്ത് ഭരണകൂടത്തിന്റെ ദർശനം പൗരർക്കുമേൽ അടിച്ചേൽപ്പിക്കുന്നത് ഫാസിസമല്ലാതെ മറ്റെന്താണ്? ഇന്ത്യയുടെ ഔദ്യോഗിക മതം ഹിന്ദുമതമാക്കുന്ന ഈ ഒളിച്ചുകടത്തൽ എന്തുകൊണ്ടാണ് തിരിച്ചറിയപ്പെടാതെ പോകുന്നത്.  യോഗദിനാചരണത്തിന്റെ സർക്കാർ വെബ്സൈറ്റിൽ തന്നെ ഇതുമായി ബന്ധപ്പെട്ട നിലപാട് വ്യക്തമാണ്. കേവലം വ്യായാമ മുറ എന്ന രീതിയിലല്ല, സമഗ്രമായ ഒരു ആത്മീയജീവിത ദർശനമായി തന്നെയാണ് യോഗയെ ഇതിൽ അവതരിപ്പിച്ചിരിക്കുന്നത്.

ഇനി, കേവലം വ്യായാമമുറ എന്ന നിലയിൽ മാത്രമാണ്  യോഗ ഇന്ത്യയിൽ ഔദ്യോഗികമായി പ്രചരിപ്പിക്കപ്പെടുന്നതെങ്കിൽപോലും ഇന്ത്യക്കാരുടെ ആരോഗ്യത്തിനും മനസുഖത്തിനും നിലവിൽ യോഗയുടെ അഭാവമാണോ കാരണം എന്ന ചോദ്യമുയരുന്നു. ഇന്നും ലോകത്ത് പട്ടിണിയും പോഷകാഹാരക്കുറവുംകൊണ്ട് മനുഷ്യർ മരിച്ചുവീഴുന്നതിന്റെ കാരണം യോഗ പഠിക്കാത്തതാണോ? ദുരമൂത്ത മുതലാളിത്ത ചൂഷണം നമ്മുടെ വായുവിനെയും ജലത്തെയും മലിനീകരിക്കുമ്പോൾ, നമ്മുടെ വനങ്ങൾ വെട്ടി നശിപ്പിക്കുമ്പോൾ അതിനുകൂട്ടുനിൽക്കുന്നവർ പൗരരുടെ ആരോഗ്യത്തിൽ കരുതലുള്ളവരാണ് എന്നുപറയുമ്പോൾ അതെങ്ങനെ വിശ്വസനീയമാകും. നാനാവിധ ചൂഷണങ്ങളിൽ ജനങ്ങൾ നട്ടംതിരിയുമ്പോൾ, ഒരു ചെറുവിഭാഗത്തിന്റെ ചൂഷണം നിമിത്തം ബഹുഭൂരിപക്ഷത്തിനും നിലനിൽക്കാൻ തന്നെ കഷ്ടപ്പെടേണ്ടിവരുമ്പോൾ ജീവിതശൈലീരോഗങ്ങൾ ഉൾപ്പടെയുള്ളവ അവരെ എങ്ങനെ പിടികൂടാതിരിക്കും? ജാതി, ലിംഗ വിവേചനങ്ങളും ദേശീയ അടിച്ച്ചമർത്തലുകളും അതേപടി നിലനിർത്തി യോഗയിലൂടെ മാനസിക സ്വാസ്ഥ്യം കൈവരുത്താം എന്ന് പറയുന്നവർക്ക് എന്ത് ആത്മാർഥതയാണുള്ളത്.




യോഗയുടെ തുടക്കം എങ്ങനെയായിരുന്നാലും ഇന്ത്യപോലെ അന്തരീക്ഷവായുവിൽവരെ ജാതി നിലനിന്നിരുന്ന , ഇന്നും നിലനിൽക്കുന്ന നാട്ടിൽ യോഗ ദര്ശനവും തീർച്ചയായും മേൽജാതികളുടെ ദർശനമായിതന്നെയാണ് നിലകൊണ്ടിട്ടുള്ളത്. അല്ലെങ്കിൽത്തന്നെ അധ്വാനഭാരം മുഴുവൻ ചുമക്കേണ്ടിവന്നവർക്ക് മേൽജാതികളെപ്പോലെ തൊഴിലെടുക്കാതെ ചൂഷണം മാത്രം കലയാക്കിയവരെപ്പോലെ യോഗാഭ്യാസം നടത്തി മോക്ഷപ്രാപ്തി നേടൽ എളുപ്പമായിരുന്നില്ലല്ലോ.

ഇപ്രകാരം യോഗ എന്നത് നിഷ്കളങ്കമായ ഒരു വ്യായാമമുറ എന്നതിനുമപ്പുറമാകുമ്പോൾ യോഗദിനത്തിനും നിരവധിയായ വിവക്ഷകൾ കൈവരുന്നു. ഇത് തിരിച്ചറിയുകയും ഒളിച്ചുകടത്തപ്പെടുന്നതിനെ പ്രതിരോധിക്കുകയും വേണ്ടിയിരിക്കുന്നു. നിർഭാഗ്യവശാൽ യുക്തിവാദികൾ മുതൽ കമ്മ്യൂണിസ്റ്റുകളും സ്വത്വവാദികളും വരെ ഇതിനെ ഗൗരവമായി കാണുന്നില്ല എന്നത് ആശങ്കാജനകമാണ്.

(കഴിഞ്ഞ  രണ്ടുമാസമായി യോഗ പരിശീലിക്കുന്ന വ്യക്തി തന്നെയാണ് കുറിപ്പെഴുതിയിരിക്കുന്നത്  . ഇവിടെ പ്രകടിപ്പിച്ചിരിക്കുന്ന അഭിപ്രായങ്ങൾ Team socialistplatform ന്റെതല്ല)













Wednesday, June 17, 2015

മഹാരാജാസിലെ സ്വയംഭരണവിരുദ്ധ സമരം കുട്ടിക്കുരങ്ങിനെക്കൊണ്ട് ചുടുചോറ് വാരിക്കൽ ആകാതിരിക്കാൻ വിദ്യാർഥികൾ അറിഞ്ഞിരിക്കേണ്ടത്

കൂപ്പർ

കുട്ടിക്കുരങ്ങിനെക്കൊണ്ട് ചുടുചോറ് വാരിക്കുക എന്നത് സിപിഎമ്മിന്റെയും അതിന്റെ വർഗ-ബഹുജന സംഘടനകളുടെയും  എക്കാലത്തെയും പ്രിയ വിനോദം തന്നെയാണ്. സിപീമ്മിന്റെ വിദ്യാർഥി സംഘടനയായ എസ് എഫ് ഐ യും ഇക്കാര്യത്തിൽ ഒട്ടും മോശമല്ലാത്ത ട്രാക്ക് റെക്കോർഡ് സൂക്ഷിക്കുന്നവരാണ്. അഡ്ജസ്റ്മെന്റ്റ് സമരങ്ങൾക്കും പ്രതിപക്ഷത്തിരിക്കുമ്പോൾ നടത്തുന്ന ഇരട്ടത്താപ്പ് സമരങ്ങൾക്കും എസ് എഫ് ഐയുടെ ചരിത്രത്തിൽ ഒട്ടും പഞ്ഞമില്ല. പ്രതിപക്ഷത്തിരിക്കെ സമരം നടത്തി രക്തസാക്ഷികളെവരെ സൃഷ്ടിക്കുകയും ഭരണം കിട്ടുമ്പോൾ മുടന്തൻ ന്യായങ്ങൾ പറഞ്ഞ് അതേ നയങ്ങൽതന്നെ നടപ്പാക്കുകയും ചെയ്യുക എന്നതിന്റെ ഏറ്റവും മികച്ച ദ്രിഷ്ടാന്തമായിരുന്നു സ്വാശ്രയ വിദ്യാഭ്യാസപ്രശ്നത്തിൽ മലയാളികൾ കണ്ടത്. എസ് എഫ് ഐ യുടെ അത്തരം നെറികെട്ട സമരാഭാസ പരമ്പരയിലെ ഏറ്റവും ഒടുവിലത്തേതാണ് ഇപ്പോൾ  എറണാകുളത്തെ ഏറ്റവും പ്രശസ്തമായ മഹാരാജാസ് കോളേജിൽ അരങ്ങേറുന്നത്. ഉന്നത വിദ്യാഭ്യാസ രംഗത്ത് സ്വയംഭരണം നടപ്പാക്കാനുള്ള സർക്കാർ നയത്തിന്റെ ഭാഗമായി മഹാരാജാസ് കോളേജിന് സ്വയംഭരണം നടപ്പാക്കുന്നതിനെതിരായി എസ് എഫ് ഐ സമരം നടത്തുമ്പോൾ ചരിത്രത്തിലുള്ള അറിവും ഓർമയും വിദ്യാർഥികൾക്ക് കുറവായിരിക്കും എന്നതാകാം എസ് എഫ് ഐക്ക് ധൈര്യം നൽകുന്നത്. എന്നിരിക്കിലും ചരിത്രം ഓർമിക്കുന്നവരുടെ വിചാരണയ്ക്ക് എസ എഫ് ഐ വിധേയരാകേണ്ടി വരികതന്നെ ചെയ്യും.

ഫൈനാൻസ് മൂലധനത്തിന്റെ വ്യാപനത്തെ സുഗമമാക്കുന്നതുൽപ്പടെയുള്ള ലക്ഷ്യങ്ങളോടെ ലോകവ്യാപാര സംഘടന 1996-ൽ ഒപ്പിട്ട ജനറൽ എഗ്രിമെന്റ് ഓഫ് ട്രെയ്ഡ് ഇൻ സെർവീസസ് (GATS) വിദ്യാഭ്യാസം ഉൾപ്പടെ 19 സേവന മേഖലകളെ കരാറിന്റെ പരിധിയിൽ ഉൾപ്പെടുത്തുന്നതിന്റെ ചുവടുപിടിച്ചാണ് ഇന്ത്യയിൽ ഉന്നതവിദ്യാഭ്യാസ മേഖലയിൽ സർക്കാർ നിയന്ത്രണങ്ങൾ എടുത്തുകളയുവാനും മൂലധന ശക്തികൾക്ക് ആ മേഖലയിൽ വൻ തോതിൽ മുതൽമുടക്കുവാനുമുള്ള നീക്കങ്ങൾക്ക് വേഗത കൂടുന്നത്. സിപിഎം പിന്തുണയോടെ ഭരിച്ച ഒന്നാം യു പി എ സർക്കാർ ഈ ലക്ഷ്യത്തോടെ നിയോഗിച്ച സെൻട്രൽ അഡ്വൈസറി ബോര്ഡ് ഓഫ് എഡ്യൂക്കേഷൻ (കെയ്ബ്) കമ്മിറ്റി ഓണ്‍ ഓട്ടോണമി ഓഫ്  ഹൈയർ എഡ്യൂക്കേഷൻ ഇൻസ്റ്റിറ്റ്യൂഷൻസ് എന്ന കമ്മിറ്റിയുടെ ചെയർമാൻ മറ്റാരുമായിരുന്നില്ല, അത് സിപിഎമ്മിന്റെ ബംഗാൾ വിദ്യാഭ്യാസ മന്ത്രിയായിരുന്ന കാന്തി ബിശ്വാസ് തന്നെയായിരുന്നു. 2005 ജൂണ്‍ മാസം കേന്ദ്രമന്ത്രി അർജുൻ സിങ്ങിന് സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസ മേഖല മൂലധന സൗഹാർദ്ധമാക്കാനുള്ള പരിഷ്ക്കാരങ്ങൾ ആരംഭിക്കുന്നത്.




ഇപ്പോൾ സ്വയംഭരണത്തെ എതിർക്കുന്ന എസ് എഫ് ഐ തങ്ങളുടെ നേതാവ്തന്നെ ചെയർമാനായി തയ്യാറാക്കിയ റിപ്പോർട്ട് ഒരിക്കലെങ്കിലും ഒന്ന് വായിച്ചുനോക്കേണ്ടതാണ്. വികസനമന്ത്രങ്ങൾ കുത്തിനിറച്ച റിപ്പോർട്ട് വളരെ വ്യക്തമായി പറയുന്നു, "അനാവശ്യ നിയന്ത്രണങ്ങളിൽ നിന്നും വിദ്യാഭ്യാസത്തെ മോചിപ്പിക്കണം, എങ്കിലേ വികസനം സാധ്യമാകൂ". സമരം ചെയ്യുന്ന എസ് എഫ് ഐ പറയുന്നത് സ്വയംഭരണം നടപ്പിലായാൽ സർക്കാരിന്റെയും യൂണിവേഴ്സിറ്റിയുടെയും നിയന്ത്രണങ്ങൾ കുറയുമെന്നാണ്. പക്ഷെ കാന്തി ബിശ്വാസിന്റെ റിപ്പോർട്ട് അർത്ഥശങ്കയ്ക്കിടയില്ലാത്തവിധം പറയുന്നു, "ഉന്നത വിദ്യാഭ്യാസമേഖലയിൽ ഭരണകൂടത്തിന്റെ അനാവശ്യ നിയന്ത്രണങ്ങൾ ഒഴിവാക്കണം."


സ്വയംഭരണം നടപ്പാകുമ്പോൾ ഫീസ്‌ കുത്തനെ കൂടുമെന്നും പണമില്ലാത്തവരെ തള്ളി പണമുള്ളവർ മാത്രം പഠിക്കുന്ന സ്ഥാപനമായി മഹാരാജാസ് മാറുമെന്ന് ചൂണ്ടിക്കാട്ടുന്ന എസ് എഫ് ഐ , "വിവിധ കോഴ്സുകൾക്ക് സംസ്ഥാന സർക്കാരുമായി ആലോചിച്ച് ഫീസ്‌ നിശ്ചയിക്കാനുള്ള സ്വയംഭരണം ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുണ്ടാവണം" എന്ന് സ്വന്തം നേതാവ് തന്നെ ശുപാർശ തയ്യാറാക്കുമ്പോൾ എവിടെയായിരുന്നു എന്ന ചോദ്യമുയരുന്നു. കോളജിന് സർക്കാർ ധന സഹായം കുറയുമെന്ന് ഇപ്പോൾ എസ് എഫ് ഐ  സങ്കടപ്പെടുന്നതായി നടിക്കുമ്പോൾ കാന്തി ബിശ്വാസിന്റെ റിപ്പോർട്ട് ശുപാർശ ചെയ്തത് "ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ സ്വന്തമായി ആഭ്യന്തര വിഭവങ്ങൾ കണ്ടെത്തണമെന്നാണ്. അതായത് ഫീസ്‌ നിരക്കുകൾ കുത്തനെ കൂട്ടണമെന്ന്!


സ്വയംഭരണം നടപ്പിലാകുന്നതോടെ നിലവിലുള്ള പല കോഴ്സുകളും നിർത്തലാക്കുകയും പകരം സ്വാശ്രയ കോഴ്സുകൾ വ്യാപകമായി ആരംഭിക്കുകയും ചെയ്യുമെന്ന് പറയുന്ന എസ് എഫ് ഐ പക്ഷെ കാന്തി ബിശ്വാസിന്റെ റിപ്പോർട്ടിലെ ഈ വരികൾ കൂടി വായിക്കണം.  "എല്ലാ യൂണിവേഴ്സിറ്റികൾക്കും കോളജുകൾക്കും സ്വാശ്രയ കോഴ്സുകൾ, പ്രത്യേകിച്ച് പുതിയതും തൊഴിൽ സാധ്യത കൂടുതലുള്ളതുമായ മേഖലകളിൽ , ആരംഭിക്കാനുള്ള സ്വയംഭരണം ആവശ്യമാണെന്ന്" റിപ്പോർട്ട് ശുപാർശ ചെയ്യുന്നു. സ്വാശ്രയ കോഴ്സുകൾ ആവശ്യമാണെന്ന് തന്നെയാണ് കാന്തി ബിശ്വാസിന്റെ റിപ്പോർട്ട് ആവർത്തിച്ചു പറയുന്നത്. സ്വയംഭരണം നൽകി കോളജിനെ സ്വകാര്യവൽക്കരിക്കാനുള്ള നീക്കം അവസാനിപ്പിക്കണമെന്ന് വാദിക്കുന്ന എസ് എഫ് ഐ "കൻസൽട്ടൻസി അസൈൻമെന്റുകളും സ്പോണ്‍സേർഡ് റിസർച്ച് പദ്ധതികളും ഏറ്റെടുക്കാൻ തക്ക സ്വയംഭരണം ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നൽകണമെന്ന" ശുപാർശയെ എങ്ങനെയാണ് മനസിലാക്കിയിട്ടുള്ളത്?




ഫൈനാൻസ് മൂലധനത്തിന് വിഹാരിക്കാനുള്ള ഇടമായി , വിപണിയെ സേവിക്കാനുള്ള പൗരന്മാരെ വാർത്തെടുക്കാനുള്ള കേന്ദ്രങ്ങളായി വിദ്യാഭ്യാസ സ്ഥാപനങ്ങളെ കാണുന്ന സാമ്രാജ്യത്വ യുക്തികളെ പിൻപറ്റുന്ന കാന്തി ബിശ്വാസ് കമ്മിറ്റി റിപ്പോർട്ടിനെപ്പറ്റി ഒരക്ഷരം ഉരിയാടാതിരിക്കുന്ന എസ് എഫ് ഐ ഇപ്പോൾ വെളിപാടുണ്ടായതുപോലെ സമര രംഗത്തേക്കിറങ്ങുമ്പോൾ പക്ഷെ താളത്തിനൊത്ത് തുള്ളുവാൻ വിദ്യാർഥികൾ തയ്യാറാകേണ്ടതുണ്ടോ എന്നതാണ് ചോദ്യം. തീർച്ചയായും സ്വയംഭരണം നൽകി ഉന്നത വിദ്യാഭ്യാസ മേഖലയെ സ്വകാര്യവൽക്കരിക്കാനുള്ള നീക്കം ഏതുവിധേനയും ചെറുക്കപ്പെടെന്ടതാണ്.   പക്ഷെ എക്കാലവും വിദ്യാർത്ഥികളെ വഞ്ചിച്ച ചരിത്രമുള്ള എസ് എഫ് ഐ ഇപ്പോൾ നടത്തുന്ന സമരാഭാസം വെറും രാഷ്ട്രീയ മുതലെടുപ്പ് മാത്രം ലക്ഷ്യംവെച്ച്ചുള്ളതാണെന്ന് തിരിച്ചറിയാനുള്ള പ്രബുദ്ധത ഇന്ന് കേരളത്തിലെ വിദ്യാർഥി സമൂഹം ആർജിച്ചിട്ടുണ്ട്. ആ തിരിച്ചറിവ് നഷ്ടപ്പെടാതെ സമരം ചെയ്യുവാനാണ് വിദ്യാർഥിസമൂഹം തയ്യാറാകേണ്ടത്.

കാന്തി ബിശ്വാസ് കമ്മിറ്റിയുടെ റിപ്പോർട്ടിന്റെ പൂർണ രൂപം

http://mhrd.gov.in/sites/upload_files/mhrd/files/document-reports/AutonomyHEI.pdf 

Followers